ദോഹ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞ കുട്ടികളെ വീണ്ടും കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനായുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി ബ്രസൽസിൽ കൂടിക്കാഴ്ച നടത്തി.
യുദ്ധസാഹചര്യത്തിൽ കുടുംബങ്ങളിൽ നിന്ന് അകന്നുപോയ കുട്ടികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിർണായക മധ്യസ്ഥ ശ്രമങ്ങൾ സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഖത്തർ നടത്തുന്ന ഇടപെടലുകൾക്ക് യുക്രെയ്ൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിൽ ഖത്തർ വഹിക്കുന്ന നയതന്ത്ര പങ്ക് അദ്ദേഹം പ്രശംസിച്ചു. ഖത്തറും യുക്രെയ്നും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ ബന്ധം വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.






