ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ വച്ച് അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് താൻ കണ്ടുവെന്നും, ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ കോളുകൾ തുടർച്ചയായി വന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.
പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. വിദ്യാർത്ഥികൾക്കെതിരെ നടന്ന നടപടികളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിൽ ഉന്നയിച്ച ആരോപണങ്ങളിൽ മാപ്പ് പറഞ്ഞാൽ മാത്രമേ സംസാരിക്കാൻ അനുവദിക്കൂ എന്ന് അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ അമിത് ഷായ്ക്കെതിരായ ആരോപണങ്ങളിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന് പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിച്ചെന്നും, അതേസമയം കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവിനും രാജ്‌നാഥ് സിങ്ങിനും സംസാരിക്കാൻ അനുമതി നൽകിയെന്നും രാഹുൽ ആരോപിച്ചു.
പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായും, മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു. ദില്ലി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്കെതിരായ ആക്രമണം സുപ്രീം കോടതി മേൽനോട്ടത്തിലുള്ള സ്വതന്ത്ര ഉന്നതതല സമിതി അന്വേഷിക്കണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് ആർഎസ്എസ് ബന്ധമുള്ളവരെ മാറ്റണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.




