കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വീണ്ടും വാക്പോര് രൂക്ഷമായി. ഷുഹൈബ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആകാശ് തില്ലങ്കേരിയും കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ ഫേസ്ബുക്കിൽ വാക്‌പോര്.
കേസിന്റെ വിചാരണയ്ക്കിടെ തിങ്കളാഴ്ച തലശ്ശേരി കോടതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ വിമർശന പോസ്റ്റ് പങ്കുവെച്ചു.
ജീപ്പിനു മുകളിൽ നായ്ക്കൊപ്പം ഇരിക്കുന്ന ആകാശിന്റെ ചിത്രത്തിൽ നിന്നും ആകാശിനെ ഒഴിവാക്കിയാണ് പോസ്റ്റ് ചെയ്തത്. ‘ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ഷുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും’ എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്.
എന്നാൽ പിന്നീട് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെ തുടർന്ന് അവർ ജയിലിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ ആകാശ് തില്ലങ്കേരി രാഹുലിനെതിരെ പരിഹാസ പോസ്റ്റുമായി രംഗത്തെത്തി. ജീപ്പിനു മുകളിൽ കോഴി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘ക്വാണ്ടം മെക്കാനിക്സ് അറിയാത്തത് കൊണ്ട് ജയിലിൽ പോകേണ്ടി വന്ന കോഴി കൂവി എന്ന് കേട്ടു. തില്ലങ്കേരി സഖാക്കൾ പേടിച്ച് പോയി എന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു കുറിപ്പ്.
സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇരുപക്ഷവും പരസ്പരം കടുത്ത വിമർശനങ്ങളാണ് നടത്തുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുകയാണ്. ഷുഹൈബ് വധക്കേസിന്റെ വിചാരണ 29-ന് തുടരുമെന്നാണ് വിവരം.






