ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമത കൂടിയതുമായ ഹരിത ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം അതിവേഗം ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അന്തിമ അനുമതി നൽകി. അത്യാധുനികമായ 1200 കിലോവാട്ട് എൻജിൻ കരുത്തുള്ള, 10 കോച്ചുകളടങ്ങിയ വലിയ ട്രെയിൻ സെറ്റിനാണ് പരീക്ഷണ സർവീസുകൾ ആരംഭിക്കുന്നതിനായി റെയിൽവേ ബോർഡ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
ഹരിയാനയിലെ തിരക്കേറിയ ജിന്ദ് – സോണിപത് റെയിൽവേ പാതയിലാണ് ഈ അത്യാധുനിക ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം നടക്കുക. സർവീസിന്റെ പ്രാരംഭ ഘട്ടത്തിൽ മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും (75 kmph) ഈ ഹൈഡ്രജൻ ട്രെയിൻ ഇവിടെ സർവീസ് നടത്തുകയെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി അന്തരീക്ഷ മലിനീകരണവും കാർബൺ ഉദ്‌വമനവും പൂർണ്ണമായി ഒഴിവാക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതോടെ ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എഞ്ചിനുകളുള്ള രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയും മാറുകയാണ്.






