ന്യൂഡൽഹി: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളിൽ നിശബ്ദ കാഴ്ചക്കാരായി നിന്നതോ മരുമകളെ രക്ഷിക്കാൻ ഇടപെടാതിരുന്നതോ മാത്രം അടിസ്ഥാനമാക്കി ഭർതൃവീട്ടുകാർക്കെതിരെ ക്രൂരതയുടെയോ സ്ത്രീധന പീഡനത്തിന്റെയോ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം പെരുമാറ്റം ധാർമികമായി വിമർശിക്കപ്പെടാമെങ്കിലും അത് സ്വതന്ത്രമായ ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. വ്യക്തമായ തെളിവുകളോ നിർദ്ദിഷ്ട കുറ്റാരോപണങ്ങളോ ഇല്ലാതെ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ പൊതുവായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവിനെ പിന്തുണച്ചതോ കുടുംബ തർക്കങ്ങളിൽ ഇടപെടാതിരുന്നതോ പരാതിക്കാരിയോട് ഒത്തുപോകാൻ ഉപദേശിച്ചതോ മാത്രം കുറ്റകരമല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ചില സാഹചര്യങ്ങളിൽ ബന്ധുക്കൾ കാഴ്ചക്കാരായി തുടരാനിടയുണ്ടെങ്കിലും, കുറ്റകൃത്യത്തിൽ അവരുടെ സജീവ പങ്കാളിത്തം വ്യക്തമായില്ലെങ്കിൽ ക്രിമിനൽ ഉത്തരവാദിത്വം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.
മധ്യപ്രദേശിലെ ഗുണയിൽ സ്ത്രീധന പീഡനം ആരോപിച്ച് നൽകിയ കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം. ഭർതൃവീട്ടുകാരെതിരെ വ്യക്തമായ ആരോപണങ്ങൾ ഇല്ലാത്തതിനാൽ അവർക്കെതിരായ ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കി.
അതേസമയം, വിവാഹജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെ നിസ്സാരമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോൾ കോടതികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോപണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.






