തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് അപമര്യാദയായി പെരുമാറിയ പോർട്ടറായ അരുണിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രതിയെ ന്യായീകരിക്കാൻ റെയിൽവേ അധികൃതർ ശ്രമിച്ചതായി ആരോപണമുണ്ട്.
ഷൂട്ടിംഗ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് അടുത്ത പ്ലാറ്റ്ഫോമിലേയ്ക്ക് കടക്കാൻ സഹായിക്കാമെന്ന് ഇയാൾ ആവശ്യപെട്ടു. റെയിൽവേ ലൈൻ മുറിച്ചുകടക്കേണ്ടെന്നും നിറുത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എ.സി കോച്ച് വഴി അപ്പുറത്ത് എത്തിക്കാമെന്നും നടിയെ ഇയാൾ വിശ്വസിപ്പിച്ചു. തുടർന്ന് ട്രെയിൻ കയറി അപ്പുറത്തെത്തി ട്രാക്കിലേയ്ക്ക് കയറാൻ തുടങ്ങുമ്പോൾ ശരീരത്ത് കടന്നുപിടിക്കുകയായിരുന്നു. ബാഗ് എടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞപ്പോൾ തന്നെ നടി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെ തുടർന്ന് നടി പൊലീസിന് പരാതി നൽകുകയായിരുന്നു.




