ന്യൂഡൽഹി : ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിൽ മാറ്റം വരുത്തി റെയിൽവെ. മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിൽ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത് 60 ദിവസമാക്കി കുറക്കാനാണ് തീരുമാനം. നവംബർ 1 മുതലാണ് മാറ്റം നിലവിൽ വരിക.
2015 ഏപ്രിൽ 1 വരെ 60 ദിവസമായിരുന്നു മുൻകൂർ റിസർവേഷൻ കാലയളവ്. എ.സി, നോൺ എ.സി കോച്ചുകൾ ഉൾപ്പെടെ എല്ലാ ക്ലാസ് യാത്രകളെയും മാറ്റം ബാധിക്കും. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിങ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിങ്ങുകളെ പുതിയ നിയമം ബാധിക്കില്ല.
വിദേശ ടൂറിസ്റ്റുകൾക്കുള്ള ബുക്കിങ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള ട്രെയിനുകൾക്ക് പുതിയ നിയമം ബാധകമാകില്ല.


