തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ഒമ്പത് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച വയനാട്, കണ്ണൂർ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരും.
ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. ഇതിന് ചെറിയ ആശ്വാസമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ 11 ജില്ലകളിൽ ഉയർന്ന താപനിലയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നപ്പോൾ, തിരുവനന്തപുരം ഉൾപ്പെടെ മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി.






