തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ രാജ് ഭവനിൽ സംഘടിപ്പിച്ച പരിപാടി ബഹിഷ്കരിച്ചു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ് ഭവൻ അറിയിച്ചത്. ആർ എസ് എസ് ആരാധിക്കുന്ന ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. രാജ്ഭവൻ ആയിരുന്നു പരിപാടിയുടെ വേദി. മെയിൻ ഹാളിൽ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശയിച്ചിരുന്നത്. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു.
ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്. രാജ്യത്ത് ആർഎസ്എസ് മാത്രം ഉപയോഗിക്കുന്ന ചിത്രമാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ആ ചിത്രം ഉപയോഗിക്കണമെന്ന് ശാഠ്യം അവിടെ നിന്നു ഉണ്ടാകുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ സർക്കാരിന് കഴിയില്ല. ഈ ബുദ്ധിമുട്ട് രാജ്ഭവനെ സർക്കാർ അറിയിച്ചിട്ടാണ് പരിപാടി സെക്രട്ടറിയേറ്റ് വളപ്പിലേക്ക് മാറ്റിയത്. ഭരണഘടനാ വിരുദ്ധമായ കാര്യമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.




