അയോധ്യ: തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണൽ സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. കാണിക്ക എണ്ണൽ, പാക്കിങ്, നിരീക്ഷണം, ബാങ്കിലേക്ക് മാറ്റൽ എന്നിവ ഉൾപ്പെടെയുള്ള നടപടികളിൽ സുരക്ഷയും സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് പുതിയ സുരക്ഷാ നടപടികൾക്ക് പിന്നിൽ. കാണിക്ക എണ്ണൽ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ട്രസ്റ്റിന്റെ മേൽനോട്ടം കൂടുതൽ ശക്തമാക്കും.
കാണിക്ക എണ്ണുന്ന ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തി. പുതിയ യൂണിഫോമിൽ പോക്കറ്റുകൾ ഉണ്ടായിരിക്കില്ല. പണമോ മറ്റ് വസ്തുക്കളോ എണ്ണൽ കേന്ദ്രത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. എണ്ണൽ കേന്ദ്രത്തിന്റെ പ്രവേശന, പുറത്തുകടക്കൽ കവാടങ്ങളിൽ ജീവനക്കാരെ കർശന ദേഹപരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാണിക്ക എണ്ണുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന കാലാവധിയും വർധിപ്പിക്കും. നിലവിൽ 45 ദിവസത്തേക്ക് സൂക്ഷിക്കുന്ന ദൃശ്യങ്ങൾ ഇനി 180 ദിവസം വരെ സംഭരിക്കും. നിരീക്ഷണ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നിലവിലെ സ്ഥിരം ക്യാമറകൾക്ക് പകരം പാൻ, ടിൽറ്റ്, സൂം സൗകര്യമുള്ള ക്യാമറകളും സ്ഥാപിക്കും.
കാണിക്ക എണ്ണുന്ന ജോലികൾക്ക് കരാർ ജീവനക്കാരെ നിയോഗിക്കുന്ന രീതി പുനഃപരിശോധിക്കാനും ട്രസ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിർദേശിച്ചിട്ടുണ്ട്. പകരം ബാങ്കിന്റെ സ്ഥിരം ജീവനക്കാരെ ഈ ജോലികൾക്കായി നിയോഗിക്കുകയും അവർക്ക് മെച്ചപ്പെട്ട പ്രതിഫലം നൽകുകയും ചെയ്യണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം.
ക്ഷേത്രസമുച്ചയത്തിൽനിന്ന് എസ്ബിഐ ശാഖയിലേക്ക് പണം മാറ്റുന്ന രീതിയിലും മാറ്റമുണ്ടാകും. നോട്ടുകെട്ടുകൾ ക്ഷേത്രസമുച്ചയത്തിൽവെച്ചുതന്നെ പൂർണമായി പാക്ക് ചെയ്ത് സുരക്ഷിതമാക്കിയ ശേഷം മാത്രമേ ബാങ്കിന്റെ വാഹനത്തിൽ കയറ്റുകയുള്ളൂ. പണം മാറ്റുന്നതിനിടയിലെ ചോർച്ചയും അട്ടിമറിയും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സെർച്ച് കമ്മിറ്റി ഓഗസ്റ്റ് 11, 12 തീയതികളിൽ അയോധ്യയിലെ ക്ഷേത്ര സമുച്ചയത്തിൽ അന്തിമഘട്ട അഭിമുഖങ്ങൾ നടത്തി. വിരമിച്ച ജസ്റ്റിസ് പർമോദ് കോലി, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വി.കെ. ചതുർവേദി, ആണവ ശാസ്ത്രജ്ഞൻ ഡോ. സുരേഷ് ഹാവ്റെ എന്നിവരടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി.
സിഇഒ സ്ഥാനത്തേക്ക് ആദ്യം 5,585 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3,877 പേർ വിശദമായ ബയോഡാറ്റ സമർപ്പിച്ചു. പരിശോധനയ്ക്ക് ശേഷം 1,580 പേരെ പരിഗണിക്കുകയും 111 പേരെ ഓൺലൈൻ അഭിമുഖത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പട്ടിക 16 പേരിലേക്ക് ചുരുക്കി ഇവരെ അയോധ്യയിൽ നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിച്ചു.
പ്രതിരോധം, ഭരണസംവിധാനം, കോർപ്പറേറ്റ് മേഖല, വ്യവസായം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് അന്തിമ പട്ടികയിലെ ഉദ്യോഗാർത്ഥികൾ. മാനേജ്മെന്റ് മികവ്, നേതൃപാടവം, വലിയ തോതിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പരിചയം, സാങ്കേതിക വൈദഗ്ധ്യം, ആശയവിനിമയശേഷി, തന്ത്രപരമായ ആസൂത്രണം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവരെ വിലയിരുത്തിയത്.
അന്തിമ വിലയിരുത്തലിന് ശേഷം മൂന്ന് പേരടങ്ങിയ പാനൽ ട്രസ്റ്റിന് സമർപ്പിക്കും. ഇതിൽനിന്നാകും പുതിയ സിഇഒയെ തിരഞ്ഞെടുക്കുക. ദിവസേന വൻതോതിൽ ഭക്തർ എത്തുകയും കാണിക്ക ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് കാണിക്ക എണ്ണൽ സംവിധാനത്തിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.




