കാസർഗോഡ് കാലിക്കടവിൽ മയക്കുമരുന്നുമായി പിടിയിലായ കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സമ്മതിച്ചുകഴിഞ്ഞിരിക്കുകയാണ്. ഒപ്പം കഴിഞ്ഞ രണ്ട് ദിവസമായി ഉയരുന്ന മെറ്റ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. എന്നാൽ എത്തവണത്തേയും പോലെ ഇത്തവണയും മുഖ്യമന്ത്രി പറഞ്ഞതിൽ പകുതിയും നുണയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇനി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളും അതിലെ പൊരുത്തക്കേടുകളും നമുക്ക് നോക്കാം.
പത്രസമ്മേളനത്തിൽ എംഡിഎംഎ കേസിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. ഹുസൈന്റെ വീട്ടിൽ താൻ പോയിട്ടുണ്ടെന്നും തന്റെ വീട്ടിൽ ഹുസൈൻ വന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. നവകേരള സദസ് നടന്ന സമയത്ത് ആണ് മുഹമ്മദ് ഹുസൈനെ ഫോണിൽ വിളിക്കുന്നത് എന്നും പരിചയപ്പെടുന്നത് എന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇനിയാണ് പറഞ്ഞതിലെ പൊരുത്തക്കേടുകൾ വരുന്നത്. നവകേരള സദസ് നടക്കുന്നത് 2023 നവംബർ – ഡിസംബർ മാസങ്ങളിൽ ആണ്. എന്നാൽ വി ഡി സതീശനുമൊത്തുള്ള മുഹമ്മദ് ഹുസൈന്റെ ചിത്രം പ്രതി പോസ്റ്റ് ചെയ്തത് 2021 സെപ്റ്റംബർ 4 ന് ആണ്. ഇതോടെ കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
പെരുമ്പാവൂരിലെ നവകേരള സദസ് നടക്കുന്നത് 2023 ഡിസംബർ 10 നാണ്. എന്നാൽ പ്രചരിക്കുന്ന ചിത്രം ഹുസൈന്റെ ഫെയ്‌സ്ബുക്കിൽ നിന്നുള്ളതാണ്. ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് 2023 ഒക്ടോബർ 30 നാണ്. ഈ ഫോട്ടോ ശ്രദ്ധിച്ചാൽ അറിയാം ഏതെങ്കിലും ഒരു ദിവസത്തെ ഫോട്ടോ അല്ല ഇത്. പോസ്റ്റ് ചെയ്ത ദിവസത്തേക്കാൾ എത്രയോ മുൻപുള്ളതാണ്. ചുരുങ്ങിയത് മൂന്ന് സന്ദർഭങ്ങളിലായി എടുത്തിരിക്കുന്ന ചിത്രങ്ങൾ. അതിൽ തന്നെയുള്ള ചില ഫോട്ടോസ് കണ്ടാൽ കേവലം ഒരു നേതാവ് പാർട്ടി പ്രവർത്തകന്റെ ഒപ്പം എടുത്ത ചിത്രമാണോ എന്ന് സംശയം തോന്നാം. ഹുസൈൻ ഇപ്പോൾ ജയിലിലായതിനാൽ പ്രൊഫൈൽ ഡിലീറ്റ് ചെയ്യാനോ ചിത്രങ്ങൾ റിമൂവ് ചെയ്യാനോ ആരുമില്ല എന്നതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ഇപ്പോഴും ചിത്രങ്ങളടക്കം ഈ പ്രൊഫൈൽ ഫേസ്ബുക്കിൽ കാണാവുന്നതാണ്.
അതിനുശേഷം മൂന്നോ നാലോ തവണ പലസ്ഥലങ്ങളിൽ വെച്ച് ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നാണ് പിന്നെ സതീശൻ പറഞ്ഞത്. നേരത്തെ പറഞ്ഞ നവകേരള സദസിന്റെ ഡേറ്റിന് ശേഷം ഹുസൈന്റെ പ്രൊഫൈലിൽ സതീശനൊപ്പമുള്ള പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വെറുതെ എണ്ണിനോക്കിയാൽ അതിലും ഏതാണ് സത്യം എന്ന് മനസിലാക്കാം.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഹുസൈന്റെ ഫെയ്‌സ്ബുക്കിൽ 20 പോസ്റ്റെങ്കിലും ഉണ്ട്. അതിൽ ഫോട്ടോ റിപ്പീറ്റ് ആയി വന്നത് വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ്. മറ്റൊരു ചിത്രമുണ്ട്, അത് 2024 ഒക്ടോബർ ഒന്നിലെയാണ്. പ്രതിപക്ഷ നേതാവിന്റെ പൂമലയിലെ വീട്ടിലേക്ക് ഹുസൈൻ പ്രതിപക്ഷ നേതാവിന്റെ കാറിൽ തന്നെ പോകുന്നത് പോസ്റ്റിട്ടതാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞ നവകേരളസദസിന് ശേഷമുള്ളതാണ്.
തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്നും മുഖ്യമന്ത്രി സമ്മതിച്ചതോടെ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് തങ്ങളുടെ ഭാരവാഹിയല്ലെന്ന യൂത്ത് കോൺഗ്രസിന്റെ വാദവും പൊളിഞ്ഞു. മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയല്ലെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. എന്നാൽ യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നും മറ്റ് ചുമതലകളിൽനിന്നും ഹുസൈനെ നീക്കിയതായാണ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമാണ് മുഹമ്മദ് ഹുസൈൻ. എന്നാൽ ഹുസൈൻ തന്റെ പി ആർ ടീമിലുണ്ടെന്ന കാര്യം സതീശൻ പാടെ നിഷേധിച്ചു. തനിക്ക് പി ആർ ടീം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരോരുത്തരും ഓരോന്നിലൊക്കെ അംഗമായാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് പറഞ്ഞത്. ശരിയായിരിക്കും, ഇതൊന്നും അദ്ദേഹം അറിഞ്ഞിട്ട് ആവണം എന്നില്ല. അതുപോലെ, ഹുസൈന് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും ഉണ്ടെന്നും ഒരുപക്ഷേ അറിഞ്ഞിട്ട് തന്നെ ആവണം എന്നില്ല കൂടെ കൂട്ടിയത്. പക്ഷേ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ കൂടെ നടക്കുന്നവരുടെ പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടത് ഒരു മിനിമം ആവശ്യമാണെന്ന് അദ്ദേഹത്തെ വീണ്ടും ഓർമിപ്പിക്കുന്നു.
മെറ്റയുമായി ബന്ധപ്പെട്ട ആരോപണങ്ങളോടുള്ള അദ്ദേഹത്തിന്റെ വിശദീകരണങ്ങളും പ്രതിപക്ഷം കടന്നാക്രമിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കേരളത്തിൽ സോഷ്യൽമീഡിയയ്ക്കുമേൽ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങൾക്കും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങൾക്കും മേലുള്ള കടന്നാക്രമണത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ വാക്കുകൾ. കേന്ദ്രത്തിനെതിരായ വാർത്തകളായിരുന്നു സാധാരണ ഇത്തരത്തിൽ മെറ്റാ റിമൂവ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ടാണ് കേരള സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകളും ഇത്തരത്തിൽ കാണാതായി തുടങ്ങിയത്.
ഈ ആരോപണം പൂർണമായും തള്ളിയ മുഖ്യമന്ത്രി, തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജായ ‘CMO Kerala’ ലഭ്യമാക്കി നല്‍കണം എന്ന ആവശ്യം മാത്രമാണ് ഇതുവരെ മെറ്റയോട് ഉന്നയിച്ചിട്ടുള്ളതെന്ന് പറയുന്നു. രണ്ട് മാസം മുന്‍പ് അപേക്ഷ നല്‍കിയിട്ടും മെറ്റ ഇതുവരെ ആ പേജ് നല്‍കിയിട്ടില്ല, പിന്നെയല്ലേ മറ്റ് പോസ്റ്റുകൾ റിമൂവ് ചെയ്യുന്നത് താൻ പറഞ്ഞിട്ടാണെന്ന് ആരോപിക്കുന്നതെന്ന് പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ‘കേരളത്തിലെ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വായ് മൂടിക്കെട്ടാന്‍ പറ്റുമെന്ന് വിശ്വസിക്കുന്ന ഒരു മൂഢനാണോ ഞാന്‍’ എന്ന് തിരിച്ച് ചോദിക്കുന്ന മുഖ്യമന്ത്രി, പക്ഷേ സൗകര്യപൂർവ്വം ഒഴിവാക്കുന്ന ചില ചോദ്യങ്ങളുണ്ട്.
കേരളത്തിലെ സംസ്ഥാന സർക്കാർ സാമൂഹ്യ മാധ്യമ പ്രതിനിധികളോട് ആവശ്യപ്പെടാതെ ഇത്തരത്തിൽ പോസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ മെറ്റ മുതിരുമോ എന്നതാണ് ഇവിടെ ചോദ്യം. അതാത് സർക്കാരുകളുടേയോ സർക്കാരുമായി ബന്ധപ്പെട്ട ഉന്നത ഔദ്യോഗിക പ്രതിനിധികളുടേയോ ആവശ്യങ്ങൾ മാത്രമേ ഇക്കാര്യത്തിൽ മെറ്റ അടക്കമുള്ളവർ പരിഗണിക്കൂ എന്നിരിക്കെ, സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വിലക്കുന്നതിൽ കേരള സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് ഉയരുന്ന വാദം. തന്റെ പോസ്റ്റുകളും ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടവയിൽ ഉണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോൾ എന്തുകൊണ്ടാണ് അതിൽ നിയമനടപടികളിലേക്ക് കടക്കാത്തതെന്ന ചോദ്യം ബാക്കിയാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെയാണ് ഈ നീക്കം ചെയ്യലെങ്കിൽ പിന്നെ കേന്ദ്രമാണോ സർക്കാരിനെ സഹായിക്കുന്നത് എന്ന് പ്രതിപക്ഷം ചോദിച്ചാൽ തെറ്റ് പറയാനാകുമോ.




