ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ വൈകീട്ട് പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പരിപാടിക്കെത്തിയപ്പോൾ അപമാനിക്കപ്പെട്ടെന്നാണ് മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പരാതി പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച ഖർഗെ പ്രസംഗിച്ച വേദി ‘ശ്രീറാം സേന ധർമ്മാർഥ് സേവ ന്യാസ്’ എന്ന സംഘടന ശുദ്ധീകരിച്ച സംഭവമാണ് വിവാദമായത്.
ദളിതനായതിനാലാണ് തനിക്ക് വിവേചനം നേരിട്ടതെന്ന് ഖർഗെ ആരോപിച്ചു. രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തെ കേന്ദ്രമന്ത്രി ജെ.പി. നദ്ദയും രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനും അപലപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്.


