തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിൽ മെഷീനിൽ കൈ കുടുങ്ങി കരാർ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ആർബിഐ ഓഫീസിൽ ഇന്നലെയായിരുന്നു അപകടം.
ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അശോക്. ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള മെഷീൻ സ്ഥാപിച്ച് ട്രയൽ റൺ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
മെഷീന്റെ ബെൽറ്റിൽ കൈ കുടുങ്ങിയതിനെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനിനും ബെൽറ്റിനുമിടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




