ബംഗളൂരു: ബലാത്സംഗക്കേസില്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടെതാണ് വിധി. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസിന്റെ നടപടികള്‍ അതിവേഗമായിരുന്നു നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന വിധി പുറത്തുവന്നത്. പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
പ്രജ്വല്‍ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി പ്രജ്വല്‍ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോള്‍ ബംഗളൂരു വിമാനത്താവളത്തില്‍വെച്ച്, 2024 മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.



