ന്യൂഡല്‍ഹി: വായ്പ തിരിച്ചടവ് മുടങ്ങുന്നവരെ റിക്കവറി ഏജന്റുമാര്‍ വേട്ടയാടുന്ന കാലം അവസാനിക്കുന്നു. 2026-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായി, വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക് (RBI) പുതിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
പുതിയ നിയമപ്രകാരം, ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തമായ റിക്കവറി നയം നിര്‍ബന്ധമാണ്. വായ്പക്കാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. റിക്കവറി ഏജന്റുമാര്‍ വായ്പക്കാരെ ഫോണില്‍ വിളിക്കുന്നതിനും നേരിട്ട് സന്ദര്‍ശിക്കുന്നതിനും കൃത്യമായ സമയപരിധി (രാവിലെ 8 മുതല്‍ രാത്രി 7 വരെ) നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, കുടുംബത്തിലെ മരണം, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കണം.
ഏജന്റുമാരുടെ പട്ടിക ബാങ്ക് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും, നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് വായ്പക്കാരനെ രേഖാമൂലം അറിയിക്കുകയും വേണം. വായ്പക്കാരനുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണമെന്നും അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
വായ്പക്കാരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിച്ച് അപമാനിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. പരാതികള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. കരട് നിര്‍ദ്ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മാര്‍ച്ച് ആറുവരെ അഭിപ്രായം അറിയിക്കാം. പുതിയ ചട്ടങ്ങള്‍ 2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.










