പാലക്കാട്: വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ മൂന്നാംവാർഡിലും 19-ാം വാർഡിലും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരേ വിമതരായി മത്സരിക്കുന്ന വി. രവീന്ദ്രനെയും സി. മനോജിനെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. മൂന്നാംവാർഡിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഗംഗാധരനെ യുഡിഎഫ് സ്വതന്ത്രനായി നേതൃത്വം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സി. മനോജ് മത്സരരംഗത്തെത്തിയത്.
19-ാം വാർഡിൽ കേരളകോൺഗ്രസ് ജോസഫിലെ ആന്റോ വല്ലയിലാണ് യുഡിഎഫ് സ്ഥാനാർഥി. 19-ാം വാർഡ് കോൺഗ്രസിന് വിട്ടുനൽകണമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയില്ല. ജില്ലാ നേതൃത്വവും ആന്റോ വല്ലയിലിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കയായിരുന്നു. ഇതാണ് വി. രവീന്ദ്രന്റെ വിമതസ്ഥാനാർഥിത്വത്തിലേക്ക് നയിച്ച പ്രധാന ഘടകം.






