കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയ കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയെയാണ് സെൻട്രൽ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശ്ശൂരിലാണ് ഇപ്പോൾ താമസിക്കുന്നത്. തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. 2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. ഈ സഥാപനത്തിന് വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാൻ ആവശ്യമായ ലൈസൻസ് ഇല്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷൻസ് അറിയിച്ചു.




