ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്കു അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പരിശീലനം കിട്ടിയതായി അന്വേഷണ സംഘം. പിടിയിലായ മുസമ്മീൽ തുർക്കിയിലൂടെ അഫ്ഗാനിസ്ഥാൻ പോയതായി ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അൻസാർ ഗസ്വാത് അൽഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി. തുർക്കിയിലെ അങ്കാറയിൽ നിന്നുള്ള ‘ഉകാസ’ എന്ന കോഡ് നാമം ഉപയോഗിച്ച വ്യക്തിയാണ് ഡോക്ടർമാരുടെയും ജെയ്‌ഷിന്റെയും അൻസാറിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചത്.
വിദേശത്ത് നിന്നുള്ള ഭീകരർ ബോംബ് നിർമ്മാണ വീഡിയോകൾ ഡോക്ടർമാർക്ക് അയച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിലൂടെ ബോംബ് നിർമ്മാണ രീതി പഠിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നുള്ള മൂന്ന് ഭീകരർ സ്ഫോടനം നിയന്ത്രിച്ചതായി ഏജൻസികൾ കണ്ടെത്തി. ഈ ഗ്രൂപ്പിലേക്കു ഉകാസ മുഹമ്മീലിനെ തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയതാണ്.
ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയ്ഗിന്റെ പങ്കും അന്വേഷണ സംഘം പരിശോധിച്ചു വരികയാണു. 2008-ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവിലായ ബെയ്ഗ്, അൽഫലാഹ് എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്നു.
സാമ്പത്തിക ബന്ധമോ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയുള്ള പ്രവർത്തനങ്ങളോ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുന്നതിനായി കാൺപൂരിലും പരിശോധനകൾ പുരോഗമിക്കുന്നു. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഹാപ്പൂരിലെ ഡോക്ടറെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.






