മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന. കെഎസ്‌സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്.
പിവി അന്‍വര്‍ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. അന്‍വറിന്റെ വീട്ടില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇഡി സംഘം എത്തിയത്.
സഹായി സിയാദിന്റെ വീട്ടിലും സംഘം പരിശോധന നടത്തുന്നുണ്ട്. 2015 ലാണ് പിവി അന്‍വറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
പിവി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും എത്തിയിരിക്കുന്നത്.
മതിയായ രേഖകളില്ലാതെയാണ് പിവി അന്‍വര്‍ മലപ്പുറത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.
വായ്പയെടുക്കുന്ന കാലഘട്ടത്തില്‍ അന്‍വര്‍ ഇടത് പക്ഷത്തിനൊപ്പാണ് പ്രവര്‍ത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കേസില്‍ പരാതിക്കാരുടെ മൊഴി ഉള്‍പ്പെടെ എടുത്തിരുന്നു. അഞ്ചു കോടി രൂപയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്‍വര്‍ നാലാംപ്രതിയാണ്. സഹായി സിയാദ്, കെഎഫ്‌സി ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, മുനീര്‍ അഹമ്മദ് എന്നിവരെല്ലാം വിജിലന്‍സ് കേസില്‍ പ്രതികളാണ്.
കുന്നംകുളം നഗരസഭ തെരഞ്ഞെടുപ്പ്; എൽഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന കൂടി എത്തുന്നതോടെ ഇവരുടെ വീടുകളിലും പരിശോധന നടക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മലപ്പുറത്തെ കെഎഫ്‌സിയുടെ ഓഫീസിലും പരിശോധന നടക്കുമെന്നാണ് വിവരം.




