കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാർ മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനാൽ ആ വോട്ടുകൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.
സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരുടെ നടപടികൾക്ക് നൽകിയിരുന്ന നിയമപരമായ സംരക്ഷണം റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബി.ജെ.പി. കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബി.ജെ.പി. കൗൺസിലർമാർക്കും നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദേശിച്ചത്.
മുമ്പ്, വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. നാല് ആഴ്ചയ്ക്കകം ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരം വിനിയോഗിക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.
ദൃഢപ്രതിജ്ഞയിലൂടെയോ ദൈവനാമത്തിലൂടെയോ മാത്രമേ സത്യപ്രതിജ്ഞ നടത്താവൂവെന്നും ‘ദൈവം’ എന്ന പദത്തിന് പഞ്ചായത്ത് രാജ് നിയമത്തിലോ മുനിസിപ്പാലിറ്റി നിയമത്തിലോ പ്രത്യേക നിർവചനം ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കാപ്പ കേസിൽ ജയിലിലായിരുന്ന ബി.ജെ.പി. കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയും കോടതി അസാധുവാക്കിയിരുന്നു.



