Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിഎം ശ്രീയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്! സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം, ഒന്നും ചെയ്യാനാകാതെ ലീ​ഗ്; എന്താണ് ഇനിയുള്ള പ്രതീക്ഷ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിവാദമായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ച് പറയുകയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കവെ മുന്നണിയുടെ നിലപാട് വ്യക്തമാക്കിയത്. മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ നിന്ന് ഇനി പിന്മാറാന്‍ കഴിയില്ലെന്നും കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുമ്പോൾ അക്ഷരാർത്ഥത്തിൽ പെട്ടു പോയിരിക്കുന്നത് മറ്റാരുമല്ല, അത് മുസ്ലീം ലീ​ഗ് തന്നെയാണ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന. പദ്ധതിയിൽ നിന്ന് പിന്മാറാൻ നിയമപരമായി കഴിയില്ലെന്നതാണ് ന്യായീകരണം. സ്കൂളുകളും സിലബസും സംസ്ഥാനത്തിന് തീരുമാനിക്കാനാകണം എന്ന് ഉപാധി വയ്ക്കാൻ ഒരുങ്ങുകയാണ് കേരളം.

മൂന്നംഗ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് നൽകാതിരിക്കെ കൺവീനർ തീരുമാനം പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന നിലപാടാണ് ലീ​ഗിന്. യുഡിഎഫ് യോഗത്തിൽ ഫോർവേഡ് ബ്ലോക്ക് ഈ വിഷയം ഉന്നയിച്ചെങ്കിലും ആലോചിക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. യുഡിഎഫ് നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ അന്തിമ ചർച്ച നടക്കാതെയാണ് തീരുമാനം പ്രഖ്യാപിച്ചത് എന്നും ലീഗ് നേതൃത്വം പറയുന്നു. എന്നാൽ യുഡിഎഫ്‌ ഏകോപനസമിതി യോഗത്തിൽ പിഎം ശ്രീയെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നാണ് മന്ത്രിയും മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്.

പ്രതിപക്ഷത്തായിരിക്കെ പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടെടുത്ത യുഡിഎഫ് ഭരണത്തിലെത്തിയതോടെ മലക്കംമറിയുകയായിരുന്നു. യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ അറബിക്കടലിലെന്നു പറഞ്ഞവർ മന്ത്രിമാരായി. വർഷങ്ങളോളം ഇതേ വിഷയത്തിൽ തെരുവിൽ കിടന്ന് അടികൊണ്ട എംഎസ്എഫുകാരും യൂത്ത് ലീ​ഗുകാരും ഒന്നും മിണ്ടാതെയായി. അധികാരത്തിലെത്താനുള്ള കുറുക്കുവഴി മാത്രമായിരുന്നു യുഡിഎഫിന്‌ പിഎം ശ്രീ എന്ന് ഇപ്പോൾ തോന്നിയാൽ അത്ഭുതപ്പെടാനില്ല. കെഎം ഷാജി അടക്കമുള്ളവർക്ക് മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ മറുപടികളില്ലാതെ വിയർക്കേണ്ടി വരുന്ന കാഴ്ച്ചയും ഇന്ന് രാവിലെ മുതൽ കാണാം.

ഒരിക്കൽ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാന സർക്കാർ. പക്ഷേ, അവിടെയാണ് അടുത്ത ട്വിസ്റ്റ്. ഇവിടെ പണി കൊടുത്തിരിക്കുന്നത് കേന്ദ്രം തന്നെയാണ്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചതോടെയാണ് സംസ്ഥാന സർക്കാരിന്റെ ഈ വാദം പൊളിയുന്നത്. സംസ്ഥാനങ്ങൾക്ക് പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ തടസ്സങ്ങളൊന്നുമില്ലെന്നും പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും എന്ന പ്രശ്നമേ ഉള്ളുവെന്നും എം.ഒ.യു. ഒപ്പിട്ട ശേഷം സ്കൂളുകളുടെ പട്ടിക നൽകാത്തതു കൊണ്ട് കേരളത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്.

ഫണ്ട് നൽകിയ 35 സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും ലിസ്റ്റ് ജയന്ത് ചൗധരി പുറത്തുവിട്ടു. ഇതിൽ കേരളത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഇത്രയും കാലം മുൻ ഇടത് സർക്കാരും അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആവർത്തിച്ചുകൊണ്ടിരിക്കുന്ന വാദമാണ് സത്യമെന്ന് തെളിയുന്നത്. ഫണ്ട് വാങ്ങിയാൽ കേന്ദ്രം പറയുന്ന ഭാ​ഗങ്ങളും സിലബസിൽ ഉൾപ്പെടുത്തേണ്ടി വരുമെന്ന് വ്യക്തമായി ജയന്ത് ചൗധരി പറഞ്ഞിട്ടുണ്ട്. പിഎം ശ്രീ നടപ്പാക്കിയാൽ ബി.ജെ.പിയുടേയോ ആർ.എസ്എസിന്റേയോ അജണ്ടകൾക്ക് വഴങ്ങില്ലെന്നും അത്തരം പാഠ്യപദ്ധതികൾ പഠിപ്പിക്കില്ലെന്നുമായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ഇതിന് നേർവിപരീതമാണ് കേന്ദ്രത്തിന്റെ മറുപടി. അപ്പോൾ എന്തിനാണ് സംസ്ഥാന സർക്കാർ വീണ്ടും നുണ പറയുന്നത്?

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ അഭിയാന്‍ (SSK) വഴി റൈറ്റ് ടു എജ്യുക്കേഷന്‍ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. പിഎം ശ്രീക്കായി പ്രത്യേകം തുകയൊന്നും നല്‍കിയിട്ടില്ല.

കടുത്ത എതിർപ്പും വിമർശനവുമായി പ്രതിപക്ഷത്ത് നിന്നുയരുന്നത്. ഇങ്ങനെ നുണ പറഞ്ഞ് കേരളത്തെ വഞ്ചിക്കുന്നതിന് പകരം തെറ്റ് സമ്മതിച്ച് ജനങ്ങളോട് മാപ്പുപറഞ്ഞ ശേഷം മുന്നോട്ടുപോകാമായിരുന്നില്ലേ എന്നാണ് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യം. ഇത്രയും നഗ്നമായ കള്ളം പറഞ്ഞവരെ ഇനി എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ‘അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ലാഞ്ഞതിനാൽ ഇപ്പോൾ പിഎം ശ്രീ കടലിൽ എറിയാൻ കഴിയില്ലെന്ന് പാണക്കാട് നിന്ന് അറിയിപ്പ് വന്നിട്ടുണ്ട് എന്നാണ് DYFI സംസ്ഥാന സെക്രട്ടറി വികെ സനോജ് പരിഹസിച്ചത്. യുഡിഎഫ് സർക്കാരിന്റെ നടപടി ആർഎസ്എസ് അജണ്ടയ്ക്ക് മുന്നിൽ തലകുനിക്കുന്നതിന് തുല്യമാണെന്ന് പി. രാജീവ് തുറന്നടിച്ചു. കേന്ദ്രത്തിന് മുന്നിലും ബിജെപിക്ക് മുന്നിലും പൂർണമായി വഴങ്ങുന്ന സർക്കാരായി യുഡിഎഫ് മാറിയെന്നും, ആർഎസ്എസ് അജണ്ടകൾക്ക് മുസ്ലിം ലീഗും കോൺഗ്രസും കൂട്ടുനിൽക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

മുസ്ലീം സംഘടനകളും ഇത്രയും കാലം കടിച്ചുപിടിച്ച് വെച്ചിരുന്ന അതൃപ്തി പരസ്യമായി തന്നെ പ്രകടമാക്കി തുടങ്ങിയിട്ടുണ്ട്. സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ ജനവഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറയുന്നു. ആർഎസ്എസിന്റെ വംശീയ ഉന്മൂലന ആശയത്തിൽ നിന്ന് രൂപപ്പെടുത്തിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്കൂളുകളിൽ നടപ്പിലാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയാണിതെന്ന നിലപാടാണ് വെൽഫെയർ പാർട്ടിയുടേത്. മുൻസർക്കാർ ഒപ്പിട്ടുവെന്ന സാങ്കേതികവാദം ആവർത്തിക്കുന്നതിന് പകരം സംഘ്പരിവാറിനോട് നിയമപരവും രാഷ്ട്രീയവുമായി പോരാടാൻ യു ഡി എഫ് തയ്യാറാകണമെന്ന വാദമാണ് പൊതുവെ മുസ്ലീം സംഘടനകൾക്കെല്ലാമുള്ളത്.

പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. അധികാരമേറ്റാൽ അറബിക്കടലിൽ വലിച്ചെറിയുമെന്ന്‌ പറഞ്ഞ ശേഷം പിന്നീട് പദ്ധതിയുടെ നടത്തിപ്പുകാരായി മാറിയ മുസ്ലീം ലീ​ഗ്, യുഡിഎഫ് നേതൃത്വത്തിനെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ചാനൽ ചർച്ചയിൽ പിഎം ശ്രീയെ ന്യായീകരിക്കാൻ ലീ​ഗ്, കോൺ​ഗ്രസ് നേതാക്കൾ എത്തിയതോടെ ‘OK ന്യായീകരിച്ചോളൂ’ എന്ന പേരിൽ യുഡിഎഫിന്റെ കപട മുഖം തുറന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴയാണ്.

2022-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച PM SHRI പദ്ധതി, രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളെ മികച്ച മാതൃകാ സ്കൂളുകളാക്കി ഉയർത്താൻ ലക്ഷ്യമിടുന്നതാണ്. ആധുനിക ക്ലാസ് മുറികൾ, സ്മാർട്ട് സാങ്കേതികവിദ്യ, അത്യാധുനിക ലാബുകൾ, അധ്യാപകർക്കുള്ള പരിശീലനം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും പുതിയ ദേശീയ വിദ്യാഭ്യാസ നയമായ NEP 2020-ന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര ഫണ്ട് സ്വീകരിച്ച് പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും വിദ്യാര്ഥികള്ക്ക് മികച്ച ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കാനും സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ പ്രധാന വാദം. പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്നത് സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിൽ അത് അങ്ങനെ തന്നെ തുറന്ന് പറഞ്ഞ് മുന്നോട്ട് പോയാലെന്താ എന്നാണ് വലിയൊരു വിഭാ​ഗത്തിന്റെ ചോദ്യം. അവിടെയാണ് ഈ സർക്കാർ തിരിഞ്ഞു കളിക്കുന്നതും.

എന്നാൽ, പദ്ധതിയെ വിമർശിക്കുന്നവർ ശക്തമായ ആശങ്കകളാണ് മുന്നോട്ടുവെക്കുന്നത്. NEP 2020-യുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായതിനാൽ, പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രത്തിന്റെ ഇടപെടലുകളും സ്വാധീനവും വർധിക്കുമോ എന്നതാണ് പ്രധാന ഭയം. കേരളത്തിന്റേതായ പ്രത്യേക വിദ്യാഭ്യാസ മാതൃകയും സ്കൂളുകളുടെ സ്വയംഭരണാധികാരവും ദുർബലപ്പെടുമോ എന്നും വിമർശകർ ചോദ്യമുയർത്തുന്നു. ഫണ്ട് വാങ്ങിയാൽ ഇതിലെല്ലാം ഇടപെടും എന്ന് കേന്ദ്രവും വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

പിന്മാറില്ലെന്ന് സർക്കാർ പറഞ്ഞ സ്ഥിതിക്ക് ഇനി കേരളത്തിന്റെ പ്രതീക്ഷ ലഭിക്കാൻ സാധ്യതയുള്ള ഇളവുകളിൽ മാത്രമാണ്. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് മറ്റൊരു പ്രതീക്ഷ. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ബുധനാഴ്ച്ച 3.30ന് ചേരും. ഓഗസ്റ്റ് രണ്ടാം വാരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കും.

ചുരുക്കത്തിൽ, PM SHRI പദ്ധതി എന്നത് കേവലം ഒരു വിദ്യാഭ്യാസ വികസന വിഷയം മാത്രമല്ല; കേന്ദ്ര-സംസ്ഥാന ഫെഡറൽ ബന്ധങ്ങൾ, വിദ്യാഭ്യാസ രംഗത്തെ നയതന്ത്ര സ്വാതന്ത്ര്യം, സംസ്ഥാന രാഷ്ട്രീയം എന്നിവയെല്ലാം ഉൾപ്പെടുന്ന സങ്കീർണ്ണമായ ഒരു വിഷയമാണ്. കേന്ദ്ര ഫണ്ട് പരമാവധി പ്രയോജനപ്പെടുത്തി വിദ്യാലയങ്ങളെ ആധുനികവൽക്കരിക്കുമ്പോൾ തന്നെ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണവും നയതന്ത്ര സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കഴിയുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer