ന്യൂഡൽഹി: സ്വകാര്യത സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോൺഗ്രസ് എംപി ശശി തരൂരിന് അനുകൂലമായി ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. തരൂരിന്റെ പേരിൽ പ്രചരിച്ചിരുന്ന ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കം ചെയ്യണമെന്ന് കോടതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. പാക്കിസ്ഥാനെ അനുകൂലിച്ച് തരൂർ സംസാരിക്കുന്നതായി തോന്നിക്കുന്ന വ്യാജ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
ജസ്റ്റിസ് മിനി പുഷ്കർണ പരിഗണിച്ച ഹർജിയിലാണ് ഈ നടപടി. തരൂരിന്റെ വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം എല്ലാ വ്യാജ വീഡിയോകളും ഉടൻ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ ബോളിവുഡ് താരങ്ങളും മലയാള നടൻ മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖരും സമാനമായ ഡീപ്പ്ഫേക്ക്, വ്യാജ ഉള്ളടക്കങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.






