എറണാകുളം: ജനങ്ങൾക്ക് ആശ്വാസമായി പുതിയ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ദേശീയ പാതകളിൽ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായിട്ടാണ് പുതിയ നടപടി. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും.
ഇതുവരെ ഇത്തരം വാഹനങ്ങളിൽ നിന്ന് 200 രൂപ വരെ ഈടാക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും സംബന്ധിച്ച 2008ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്ലാസകളിൽ കാഷ് ഇടപാടുകൾ കുറയ്ക്കുകയും ഗതാഗത തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.




