കണ്ണൂർ: വീട്ടിലെ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലെ വലിയ ദ്വാരം വിവാദമായി. പേരാവൂർ നിയോജകമണ്ഡലത്തിൽ ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം മാധ്യമങ്ങൾക്കുമുന്നിൽ കാട്ടിയാണ് സ്ഥാനാർഥിയും കെ.പി.സി.സി. പ്രസിഡന്റുമായ സണ്ണി ജോസഫ് വിഷയത്തെ ഉയർത്തിയത്.
വിരലുകൾ പോലും കടക്കാവുന്നത്ര വലിയ ദ്വാരം ബാലറ്റ് പെട്ടിയിൽ എന്തിനാണെന്ന് സണ്ണി ജോസഫ് ചോദിച്ചു. ഈ വിഷയത്തിൽ ജില്ലാ വരണാധികാരിയായ കളക്ടറുമായി ചിത്രസഹിതം സംസാരിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ദ്വാരം വലിയതായി പോയതായി സമ്മതിച്ച് പരിഹാരം കാണുന്നതിന് പകരം കളക്ടർ തട്ടിക്കയറുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സണ്ണി പറഞ്ഞു.
ഇത് ബോധപൂർവമായ നടപടിയാണോ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ജില്ലയിൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ഇടപെടണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.




