വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ചർച്ചയിൽ കരാർ രൂപപ്പെടുകയാണെങ്കിൽ ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ പങ്കെടുക്കാമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാകിസ്താനിൽ രണ്ടാംഘട്ട ചർച്ചകൾക്ക് ഒരുക്കങ്ങൾ നടക്കുന്നത്. എന്നാൽ ചർച്ച നടക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇറാൻ മുൻപ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇറാൻ കപ്പൽ പിടിച്ചെടുത്തത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇപ്പോൾ ഇറാൻ ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ‘പോസിറ്റീവായി’ പരിഗണിക്കുകയാണെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അറിയിച്ചു.
ചർച്ച നടക്കാനുള്ള സാധ്യത വർധിച്ചതോടെ ബുധനാഴ്ച തന്നെ ഇസ്ലാമാബാദിൽ ചർച്ചകൾ ആരംഭിക്കാമെന്നാണ് വിവരം. ഇതിനായി പാകിസ്താൻ വലിയ സുരക്ഷാ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദിൽ ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള സംഘവും ചൊവ്വാഴ്ച പാകിസ്താനിലേക്ക് യാത്രതിരിക്കുമെന്നുമാണ് വിവരം. ചർച്ച സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും കാത്തിരിക്കുകയാണ്.




