തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജിയിൽ എതിർകക്ഷികൾക്ക് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശം നൽകി. എൻ.എസ്.എസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സമാന സാഹചര്യങ്ങളിലുള്ള മറ്റ് അദ്ധ്യാപകർക്കും ബാധകമാക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യം. ഏയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ താത്കാലിക തസ്തികകളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി ഇന്ന് പരിഗണന നടത്തിയത്.
എന്നാൽ, ഹർജിയിൽ ഉൾപ്പെട്ട അദ്ധ്യാപകരുടെ എതിർപ്പ് മൂലം വിഷയത്തിൽ ഇന്ന് വിശദമായ വാദം കേൾക്കാൻ കഴിഞ്ഞില്ല. എൻ.എസ്.എസ് കോളേജ് കേസിൽ ഭിന്നശേഷി തസ്തികകളിലെ ഒഴിവുകൾ ഒഴികെയുള്ള മറ്റ് തസ്തികകളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. അതേ വിധി സമാന സാഹചര്യമുള്ള മറ്റ് അദ്ധ്യാപകർക്കും ബാധകമാക്കണമെന്ന സർക്കാരിൻ്റെ അപേക്ഷയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. സർക്കാരിൻ്റെ നിർദേശത്തിനെതിരെ സുപ്രീം കോടതിയിൽ ഹാജരായ അദ്ധ്യാപകർ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയത്തിൽ വാദം മാറ്റിവെച്ചത്.
സർക്കാർ അപേക്ഷയ്‌ക്കെതിരെ എതിർപ്പ് ഉണ്ടായില്ലായിരുന്നെങ്കിൽ ഏകദേശം 24,000 അദ്ധ്യാപകർക്ക് സ്ഥിരപ്പെടുത്തൽ ഉത്തരവ് ലഭിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ഇതോടൊപ്പം എതിർകക്ഷികൾ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.




