തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത് പരിധിയിലെ മേച്ചിറയിലും പരിസര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിർമ്മാണ നിയന്ത്രണങ്ങളിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കിയതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ നിർമ്മാണ വിലക്ക് നീക്കം പിൻവലിച്ചത്.
നിർമ്മാണ നിയന്ത്രണം മൂലം പ്രദേശത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എംഎൽഎ സർക്കാരിലേക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പഠനത്തിന് വഴിതെളിഞ്ഞത്. വിഷയം തുടർച്ചയായി നിയമസഭയലും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പ്രദേശവാസികൾ നേരിട്ടിരുന്ന പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
2018 ലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് സംസ്ഥന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ ഉപദേശകസമിതി നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.










