കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്ന കേസിൽ മുഖ്യ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. രാമകൃഷ്ണൻ (60) നെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 സെപ്റ്റംബർ 24നാണ് കേസിന് ആധാരമായ സംഭവം നടന്നത്. ഗിൽസൻ (54) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗിൽസന്റെ സഹോദരൻ ജിന്‍റോ (45)ക്കും കുത്തേറ്റ് പരിക്കേറ്റിരുന്നു.
ജിന്‍റോയെ ആക്രമിച്ചതിന്, രാമകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും കൂടി വിധിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണമെന്നാണ് കോടതി നിർദേശം. പിഴത്തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ ഗിൽസന്റെ കുടുംബത്തിനും 50,000 രൂപ ജിന്‍റോയ്ക്കും നൽകണമെന്നും കോടതി വ്യക്തമാക്കി.
രണ്ടാം പ്രതിയായ വർഗീസിന് മൂന്ന് മാസം വെറും തടവും പിഴയും വിധിച്ചപ്പോൾ, മൂന്നാം പ്രതിയായ തമ്പി (57)യെ കോടതി വെറുതെ വിട്ടു.
വഴിത്തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗോതുരുത്തിലെ ഒരു തറവാട് സ്ഥലത്ത് കൂടി വഴി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കിടയിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. സംഭവ ദിവസം ഗോതുരുത്ത് ലിങ്ക് പാലത്തിന് സമീപം റോഡരികിൽ നിന്നിരുന്ന ഗിൽസനെയും സഹോദരനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു.
വടക്കേക്കര പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ. മുരളിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ബി. ഷാജി ഹാജരായി.






