സംസ്ഥാനത്തെ റോഡുകളിൽ പൊലിയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഓരോ നിമിഷവും നമ്മുടെ റോഡുകളിൽ അപകടങ്ങൾ നടക്കുന്നുണ്ട്. സ്വന്തം അശ്രദ്ധ കൊണ്ടും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമ്മുടെ റോഡുകളിൽ ഒട്ടേറെ പേരുടെ പ്രതീക്ഷകളാണ് നഷ്ടമാകുന്നത്. ശരാശരി 36000ത്തോളം അപകടങ്ങളാണ് ഓരോ വർഷവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 4200 ആണ് മരണങ്ങളുടെ കണക്ക്. 2023 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് വരെ 6,534 പേരാണ് റോഡ് അപകടങ്ങളില്‍ കേരളത്തിൽ മരിച്ചത്. ഒരുമാസം ശരാശരി 326 ജീവനുകള്‍ റോഡിൽ നഷ്ടപ്പെടുന്നുണ്ട്. രണ്ട് ആഴ്ച മുമ്പ് ആലപ്പുഴയിലും കഴിഞ്ഞ ദിവസം പാലക്കാടും നടന്ന അപകടങ്ങളിലായി മാത്രം പത്ത് പേരാണ് മരണപ്പെട്ടത്. രാജ്യത്താകമാനമുള്ള കണക്കെടുത്താല്‍ റോഡ് അപകടങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2023 ലെ കണക്കു പ്രകാരം തമിഴ്‌നാടും മധ്യപ്രദേശുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കേരളത്തില്‍ 2022 ല്‍ 43,910 അപകടങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 48,091 ആയി. 2022 ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത് 4317 പേരാണ്. 49,307 പേര്‍ക്കു പരുക്കേറ്റു. 2023 ല്‍ 4080 പേര്‍ മരിക്കുകയും 54,320 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍മാരുടെ പിഴവു മൂലമാണ് 2292 മരണങ്ങളും സംഭവിച്ചതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ 2023ല്‍ മരിച്ചത് 25 പേരാണ്. 2024 ഒക്‌ടോബര്‍ വരെ 40821 അപകടങ്ങളില്‍ 3168 പേര്‍ മരിക്കുകയും 45,657 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 232 കോടി രൂപ മുടക്കി 202 3ല്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും കണക്കുകള്‍ മറിച്ചാണു സൂചിപ്പിക്കുന്നത്. 2022 ഓഗസ്റ്റില്‍ 3366 റോഡപകടങ്ങളും 307 മരണവും 4040 പേര്‍ക്കു പരുക്കുമുണ്ടായെങ്കിലും 2023 ഓഗസ്റ്റില്‍ അപകടങ്ങള്‍ 1065 ആയി കുറഞ്ഞെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതില്‍ 58 മരണവും 1197 പേര്‍ക്കു പരുക്കുമുണ്ടായെന്നും വ്യക്തമാക്കി. ക്യാമറ സ്ഥാപിച്ചതിനെത്തുടര്‍ന്ന് റോഡപകടങ്ങളും മരണവും ഗണ്യമായി കുറഞ്ഞെന്നാണ് ഈ കണക്കു നിരത്തി സര്‍ക്കാര്‍ സ്ഥാപിച്ചത്. എന്നാല്‍, പൊലീസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2023 ഓഗസ്റ്റില്‍ 4006 അപകടങ്ങളുണ്ടായി. 353 മരണങ്ങളും 4560 പേര്‍ക്കു പരുക്കും സംഭവിച്ചു. അതായത്, 2022 ഓഗസ്റ്റിലേതിനെക്കാള്‍ അപകടങ്ങളും മരണവും പരുക്കും വര്‍ധിച്ചുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്യാമറ കണ്‍തുറന്നിരുന്ന 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 52,823 അപകടങ്ങളാണ് ഉണ്ടായത്. ക്യാമറയില്ലാതിരുന്ന തൊട്ടുമുന്‍പത്തെ വര്‍ഷം 46130 അപകടം. ക്യാമറയുണ്ടായിട്ടും 6693 അപകടം കൂടി. പരുക്കേറ്റവരുടെ എണ്ണവും കൂടി. അമിത വേഗതയും അശ്രദ്ധയും ആവേശവും പിന്നെ ലഹരി ഉപയോഗവുമെല്ലാം അപകടത്തിന് കാരണമാകുന്നുണ്ട്.
ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ തിങ്ങിയിരുന്ന് സഞ്ചരിച്ച കാർ അപടത്തിൽ പെട്ടത് അമിത വേഗത ഒന്നു കൊണ്ടു മാത്രമാണ്. അവിടെ 15 കിലോമീറ്ററിനുള്ളില്‍ ഒരുവര്‍ഷത്തിനിടെ 40 അപകടങ്ങളാണുണ്ടായത്, മരിച്ചത് 14 പേര്‍. പാലക്കാട്ടെ അപകടമാകട്ടെ റോഡിന്റെ നിർമ്മാണ രീതിയും വാഹനത്തിന്റെ വേഗതയുമെല്ലാം അപകടത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നു. 12 ബ്ലാക് സ്‌പോട്ടുകളാണ് ഈ 15 കിലോമീറ്ററിലുള്ളത്. അതേസമയം, 100 ചതുരശ്ര കിലോമീറ്ററിന് 548 കിലോമീറ്ററാണ് കേരളത്തിലെ റോഡ് സാന്ദ്രതയെന്നാണ് 2022 ലെ കണക്ക്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത് 17937814 വാഹനങ്ങളാണ്. ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണെങ്കിലും ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ റോഡ് മതിയോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി റോഡ് നിർമ്മിക്കുകയും അപ്രായോഗികമാണ്. റോഡപകട സ്ഥിതിയെക്കുറിച്ചും മോട്ടോർ വാഹനങ്ങളുടെ അപകട സാധ്യതകളെക്കുറിച്ചും യുവതലമുറയെ ബോധവത്ക്കരിക്കുന്നതിനായി ഹയർ സെക്കന്ററി തലത്തിൽ റോഡ് സുരക്ഷ അവബോധം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതും അനിവാര്യതയാണ്.


