കോഴിക്കോട്: സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. ഏകദേശം പതിനെട്ടര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായതായി പോലീസ് അറിയിച്ചു. അഴകൊടി ക്ഷേത്രത്തിനു സമീപത്തെ പൊൽപ്പായമന വീട്ടിലാണ് സംഭവം.
വീടിന്റെ മുൻവാതിൽ പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുകളിൽ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നെക്ലേസ്, മാല, വള, ബ്രേസ്ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവ ഉൾപ്പെടുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറോടെ വീട്ടുകാർ തൃശ്ശൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോയിരുന്നു. വൈകീട്ട് ആറോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഈ സമയത്തിനിടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം.
സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. നടക്കാവ് എസ്.ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.





