ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമ കരിയറിലെ ആദ്യ സ്ഥാന നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് രോഹിതിനെ കരിയറിലെ ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.
പരമ്പരയിലെ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും മൂന്നാം മത്സരത്തിൽ അപരാജിത സെഞ്ചുറിയും നേടിയ രോഹിത്, 38-ആം വയസ്സിൽ റാങ്കിംഗിന്റെ മുകളിൽ കയറിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്.
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന രോഹിത്, മികച്ച പ്രകടനത്തിന് പിന്നാലെ 781 പോയിന്റ് നേടി മുന്നേറി. പരമ്പരയിലെ താരമായി തെരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ റാങ്കിംഗ് വർധനയ്ക്ക് കാരണമായി.
ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ. സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.
രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെട്ട ഗിൽ ഇപ്പോൾ മൂന്നാമതായപ്പോൾ, അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും മൂന്നാം മത്സരത്തിൽ അപരാജിത അർധസെഞ്ചുറിയുമായി തിരിച്ചെത്തിയ വിരാട് കോലി ഒരു സ്ഥാനം താഴ്ന്ന് ആറാമതായപ്പോൾ, രണ്ടാം ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ ഒൻപതാം സ്ഥാനത്തേക്ക് മുന്നേറ്റം നേടി.


