ദുബായ്: വാടകച്ചെലവ് കുറയ്ക്കുന്നതിനായി ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന പ്രവാസികൾക്ക് സുപ്രധാന നിർദേശങ്ങളുമായി ദുബൈ. സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ റൂമുകൾ വാടകയ്ക്ക് നൽകുന്നതും (അനധികൃത സബ്‌ലെറ്റിങ്) അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്ന ബെഡ്‌സ്‌പേസ് സമ്പ്രദായങ്ങളും തടയുന്നതിനായി പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരം. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, തിക്കിയുള്ള താമസം എന്നിവ തടയാനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.
കെട്ടിട ഉടമയുടെ വ്യക്തമായ രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു വാടകക്കാരനും അപ്പാർട്ട്മെന്റോ അതിന്റെ ഭാഗങ്ങളോ മറ്റൊരാൾക്ക് സബ്‌ലീസ് ചെയ്യാനോ താമസിക്കാൻ നൽകാനോ പാടില്ല. ഇതോടെ ഏജന്റുമാർ വഴിയും കൂട്ടുകാർക്കൊപ്പവും നിയമവിരുദ്ധമായി മുറികൾ പങ്കിട്ട് താമസിച്ചിരുന്ന ബാച്ചിലേഴ്സ് അടിയന്തരമായി പുതിയ താമസം കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഫ്ലാറ്റുകൾക്കുള്ളിൽ ബോർഡുകളോ തടസ്സങ്ങളോ വെച്ച് താൽക്കാലികമായി നിർമിക്കുന്ന മുറികൾ പൂർണമായും നിരോധിച്ചു.











