തിരുവനന്തപുരം ∙ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന സംഭവത്തിൽ പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്കു 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തുക കൈമാറണമെന്നും നിർദ്ദേശിച്ചു.
അതേസമയം, ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനും സർക്കാരിനോടു ആവശ്യപ്പെട്ടു. 2025 ജൂലൈ 13-നാണ് രവീന്ദ്രൻ നായർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ കുടുങ്ങിയത്. ജൂലൈ 15 രാവിലെ 6 മണിക്കാണ് ലിഫ്റ്റിൽ നിന്നും പുറത്തുവരാൻ കഴിഞ്ഞത്.
മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിന് പുറമേ രവീന്ദ്രൻ നായരും മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.




