കീവ് : റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്നിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. പോളണ്ട് അതിർത്തിയോട് ചേർന്ന ലിവിവ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ തകർന്ന ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് പ്രദേശവാസികൾ അറിയിച്ചു.
അടുത്ത കാലത്ത് ലിവിവിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗവർണർ മാക്സിം കോസിറ്റിസ്കി അഭിപ്രായപ്പെട്ടു. ഏകദേശം 140 ഡ്രോണുകളും 23 മിസൈലുകളും ഇതിനായി ഉപയോഗിച്ചു. ആക്രമണത്തിൽ ലിവിവ് നഗരം പൂർണ്ണമായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മേയർ ആന്ദ്രേ സദോവി മുന്നറിയിപ്പ് നൽകി.










