കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരേ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നുമാണ് പുറത്തുവന്ന ജാമ്യ ഉത്തരവിൽ പറയുന്നത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ വാദം കൊല്ലം വിജിലൻസ് കോടതി പാടേതള്ളി.
എസ്ഐടി തന്ത്രിക്കെതിരേ മുന്നോട്ടുവെച്ച കാര്യങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം മുഖ്യ പൂജാരിയാണ് തന്ത്രി. മുഖ്യപൂജാരിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എങ്ങനെയാണ് തെളിയിക്കാനാകുകയെന്നും കോടതി ചോദിച്ചു. 20.7.2019- ലേയും 18.05.2019-ലേയും മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കർശന ഉപാധികളോടെയാണ് താന്ത്രിക്ക് ജാമ്യം അനുവദിച്ചത്. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കൂടാതെ ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണം എന്നീ നിബന്ധനകൾ കോടതി നിർദേശിച്ചു.
ദ്വാരപാലകക്കേസും കട്ടിളപ്പാളിക്കേസും ഉൾപ്പെടെ ബന്ധപ്പെട്ട കേസുകളിൽ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ വാദം നേരത്തേ പൂർത്തിയായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും തന്ത്രിയുടെ അനുജ്ഞയാണ് കാരണമെന്ന് എസ്.ഐ.ടി. വാദിച്ചിരുന്നുവെങ്കിലും, ആ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.










