കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ശക്തമാക്കി ഇഡി കൂടുതൽ പ്രതികളെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ഇടപാടിലെ ഇടനിലക്കാരനായ കൽപേഷും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സാധ്യത.
ജയശ്രീ മുമ്പ് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് അറസ്റ്റ് തടയണമെന്ന ഹർജിയിൽ, സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ഈ ഇളവ് നൽകിയിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയുടെ മറവിൽ അനധികൃത പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കോണിലാണ് അന്വേഷണം മുന്നേറുന്നത്. നടൻ ജയറാമിനും അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.






