തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഗൂഢാലോചന ബെംഗളൂരുവിലാണ് നടന്നതെന്ന് കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ബെംഗളൂരുവിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം തന്നെയാണ് ആദ്യം വിജിലൻസിന് മൊഴി നൽകിയതെന്നും, ആ നീക്കത്തിന് പിന്നിൽ വലിയ ആളുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കൊള്ളയിൽ തനിക്ക് വലിയ നേട്ടമൊന്നും ലഭിച്ചിട്ടില്ല, ലാഭം നേടിയവർ മറ്റുള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് അന്വേഷണം ആരംഭിച്ച സമയത്ത് തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് നിർദ്ദേശങ്ങൾ നൽകിയെന്നും, അതനുസരിച്ചാണ് ആദ്യ മൊഴി നൽകിയതെന്നും പോറ്റി പറഞ്ഞു.
ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടുന്നത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുക. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ഉടൻ ചോദ്യം ചെയ്യാനാണ് നീക്കം.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം സ്വർണം കൊണ്ടുപോയ കൽപ്പേഷിനെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ഇതിനായി രണ്ട് പ്രത്യേക സംഘങ്ങൾ ചെന്നൈയും ഹൈദരാബാദും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്.




