കൊല്ലം: ശബരിമല കട്ടിളപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ.
എന്നാൽ ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പത്മകുമാറിന് ഉടൻ ജയിൽ മോചനം ലഭിക്കില്ല. ആ കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ ശേഷം ജാമ്യത്തിനായി നീങ്ങാനാണ് തീരുമാനം.
ഇതിനകം കേസിൽ ഉൾപ്പെട്ട ആറു പ്രതികളിൽ നാലുപേർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യാപേക്ഷകൾ ഈ മാസം 23ന് കോടതി പരിഗണിക്കും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് ജാമ്യം തേടിയത്.










