തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ലെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്.
മുൻ ദേവസ്വം അധികൃതർ ഉൾപ്പെടെ 15 പേരാണ് കേസിലെ പ്രതികൾ. ഇതിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ, ഇതുവരെ പ്രത്യേക അന്വേഷണസംഘമായ (എസ്ഐടി) അനുമതി തേടിയിട്ടില്ല.
കേസിന്റെ അന്വേഷണം പൂർത്തിയായതായി നേരത്തെ എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസു, മുൻ പ്രസിഡന്റ് എ. പത്മകുമാർ തുടങ്ങിയവർ പ്രതികളാണ്.
അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ പ്രതികളായ ദ്വാരപാലക കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടെയുള്ള ചില രേഖകൾ ലഭിക്കാനുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
കട്ടിളപ്പാളി കേസിൽ പ്രതികളായ മുൻ ദേവസ്വം ബോർഡ് അംഗങ്ങൾക്കും മുൻ സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ കുറ്റപത്രം നൽകുന്നതിന് ആഭ്യന്തര, ദേവസ്വം, നിയമ വകുപ്പുകളുടെ പരിശോധനയും പ്രോസിക്യൂഷൻ അനുമതിയും ആവശ്യമാണ്.
ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അനുമതിക്കായി എസ്ഐടി ഇതുവരെ നടപടിയെടുത്തിട്ടില്ല. ഈ മാസം അവസാനത്തോടെ പ്രോസിക്യൂഷൻ അനുമതി തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്നാണ് വിവരം. സെപ്റ്റംബർ 22ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുറ്റപത്രം വൈകുന്നതിൽ എസ്ഐടി എന്ത് വിശദീകരണം നൽകുമെന്നതും ശ്രദ്ധേയമാണ്.


