റിയാദ്: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ ഹജ്ജ് കോൺസലായി സദഫ് ചൗധരി ഐ.എഫ്.എസ് ചുമതലയേറ്റു. ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിനിയായ സദഫ്, ഗ്രാമീണ ബാങ്ക് ദിയോബന്ദ് ബ്രാഞ്ച് മുൻ മാനേജർ ഇസ്‌റാർ അഹമ്മദ്, ഷഹബാസ് ബാനു ദമ്പതികളുടെ മൂത്ത മകളാണ്. 2020 ബാച്ച് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 23-ാം റാങ്ക് നേടിയ സദഫ്, മുസ്ലിം ഉദ്യോഗാർത്ഥികളിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ വ്യക്തി കൂടിയാണ്.
ഫ്രാൻസിലെ മാഴ്സില്ലെയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയായി സേവനമനുഷ്ഠിച്ചിരിക്കെയാണ് സദഫിന് ജിദ്ദയിലേക്ക് പുതിയ നിയമനം ലഭിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഹജ്ജ് കോൺസലായി ചുമതലയേൽക്കുന്ന ആദ്യ വനിത ഐ.എഫ്.എസ് ഉദ്യോഗസ്ഥ എന്ന പ്രത്യേകതയും സദഫിനുണ്ട്.
ഹജ്ജ് കോൺസൽ എന്ന നിലയിൽ ഇന്ത്യൻ അംബാസഡർ, കോൺസൽ ജനറൽ എന്നിവരോടൊപ്പം പ്രവർത്തിച്ച് ലക്ഷക്കണക്കിന് ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം, സുരക്ഷ, താമസം എന്നിവ ഏകോപിപ്പിക്കുന്നതിൽ സദഫ് നിർണായക പങ്ക് വഹിക്കും. സൗദി അധികൃതരുമായും വിവിധ ഹജ്ജ് സർവീസ് ഏജൻസികളുമായും സഹകരിച്ച് ഹജ്ജ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അവർ നേതൃത്വം നൽകും.



