മലപ്പുറം: സമസ്തയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ. കൊയ്യോട് ഉമർ മുസ്‌ലിയാരെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നേരത്തെ സംഘടനയുടെ ട്രഷററായിരുന്ന ഉമർ മുസ്‌ലിയാർ, ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
വി മൂസക്കോയ മുസ്‌ലിയാർ, എ വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ എന്നിവർ വൈസ് പ്രസിഡന്റുമാരാകും. പനങ്കാങ്ങര ഹൈദർ ഫൈസിയാണ് സെക്രട്ടറി. എം ടി അബ്ദുള്ള മുസ്‌ലിയാരെ പുതിയ ട്രഷററായും തെരഞ്ഞെടുത്തു. മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്.
സമസ്തയുടെ വിഷയങ്ങളിൽ കൂടിയാലോചന നടത്തുന്നതിനായി പ്രത്യേക കൂടിയാലോചന സമിതിക്കും രൂപം നൽകി. പരാതികൾ സമിതി പരിശോധിക്കും. ഫത്വ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
പുതിയ ഉത്തരവാദിത്തം വിനീതമായി ഏറ്റെടുത്ത് സമസ്തയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്‌ലിയാർ പ്രതികരിച്ചു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുമായും ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും സംഘടനാ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉമർ ഫൈസി മുക്കത്തിനെതിരെ മുശാവറയിൽ നടപടി സ്വീകരിക്കാത്തതും ശ്രദ്ധേയമായി. പരാതി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് നേതൃത്വം വ്യക്തമാക്കി. ഇതിനിടെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വഖഫ് വിശദീകരണ സമ്മേളനവുമായി മുന്നോട്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ.


