ആസംഗഢ്: ഉത്തർപ്രദേശിലെ ആസംഗഢിൽ ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്ന ശേഷം മൂന്ന് മക്കളെ ബന്ദികളാക്കിയയാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. അഹ്രൗള സ്വദേശി അർവിന്ദാണ് മരിച്ചത്. വെടിവെപ്പിൽ ഭാര്യ ബബിത സിങ് (32), പൂജാരിമാരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരും കൊല്ലപ്പെട്ടു.
അഹ്രൗള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംഭൂപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ അർവിന്ദ് ഭാര്യയും അമ്മയും രണ്ട് പൂജാരിമാരുടെ നേതൃത്വത്തിൽ പൂജ നടത്തുന്നത് കണ്ടതോടെയാണ് തർക്കമുണ്ടായത്. അർവിന്ദിന്റെ മാനസിക പ്രശ്നങ്ങളും അക്രമസ്വഭാവവും മാറുന്നതിനായി കുടുംബം പൂജ സംഘടിപ്പിച്ചതായാണ് വിവരം.
തുടർന്ന് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അർവിന്ദ് ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്നു. പിന്നീട് മൂന്ന് മക്കളെയും കൂട്ടി ഒരു മുറിയിൽ കയറി വാതിലടച്ചു. പൊലീസ് സ്ഥലത്തെത്തി വീട് വളഞ്ഞെങ്കിലും അർവിന്ദ് പുറത്തുവരാൻ തയ്യാറായില്ല.
അകത്തുനിന്ന് മകനുനേരെ വെടിയുതിർക്കുകയും മൂത്ത മകളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് നടപടി ശക്തമാക്കി. സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതകവും ഉപയോഗിച്ച് വാതിൽ തകർത്താണ് പൊലീസ് സംഘം വീടിനുള്ളിൽ പ്രവേശിച്ചത്. ഇതിനിടെ അർവിന്ദിന് വെടിയേറ്റു.
അർവിന്ദിനെയും മകനെയും ഉൾപ്പെടെ നാല് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർവിന്ദും മകനും പിന്നീട് മരിച്ചു. രണ്ട് പെൺകുട്ടികൾ ചികിത്സയിലാണ്. ഇവർ സംഭവത്തിന്റെ മാനസികാഘാതത്തിലാണെന്ന് പൊലീസ് അറിയിച്ചു.












