ന്യൂഡൽഹി: രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് മുന്നോടിയായി സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് അവധി ദിവസമായ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സെപ്റ്റംബർ 28 മുതൽ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും അവധി ദിവസങ്ങളായതിനാൽ, പണിമുടക്ക് കൂടി ചേരുന്നതോടെ തുടർച്ചയായി ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടായിരുന്നു.
ഇത് പരിഗണിച്ചാണ് സെപ്റ്റംബർ 27ന് ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ ധനമന്ത്രാലയം നിർദേശം നൽകിയത്. പണിമുടക്ക് ആരംഭിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് ആവശ്യമായ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.


