മലപ്പുറം: പാതായ്ക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പറമ്പിൽ പാമ്പിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. വനംവകുപ്പിന്റെ സർപ്പ റെസ്ക്യൂ സംഘത്തിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
പരിക്കേറ്റ പെരുമ്പാമ്പിനെ പെരിന്തൽമണ്ണ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധന നടത്തി ആവശ്യമായ ചികിത്സ നൽകി. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ പാമ്പിനെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് തീരുമാനം.
ചികിത്സ പൂർത്തിയാക്കിയ ശേഷം പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറും. ആരോഗ്യനില വീണ്ടെടുത്താൽ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയക്കുന്നതിനായി വനമേഖലയിൽ തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കും.
സർപ്പ റെസ്ക്യൂ സംഘത്തിലെ ജബ്ബാർ ജൂബിലി, ഫാറൂഖ് പൂപ്പലം, നിസാം മാനത്തുമംഗലം, യദു പാതായ്ക്കര എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പരിക്കേറ്റതോ അപകടാവസ്ഥയിലുള്ളതോ ആയ വന്യജീവികളെ കണ്ടെത്തിയാൽ നേരിട്ട് പിടികൂടാൻ ശ്രമിക്കാതെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.


