തിരുവനന്തപുരം: ബിജെപി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്നൊരു കേവല ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിക്കെതിരെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പിന്തുണച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കടന്നാക്രമിച്ചത്.
രാഷ്ട്രീയമായി അണ്ണാമലൈയോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ഒരു ഉത്തരേന്ത്യൻ പാർട്ടി എന്നതിലുപരി ബിജെപി ഇന്നൊരു ‘ഗുജറാത്തി പാർട്ടി’ അല്ലെങ്കിൽ ഒരു ‘ഗുജറാത്തി കമ്പനി’ ആയി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.











