ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം എസ് ധോണിയുടെ റോളിനെക്കുറിച്ച് ആശങ്കയുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് എബി ഡിവില്ലിയേഴ്സ്. രാജസ്ഥാന് റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ് ചെന്നൈ ടീമിലെത്തിയതോടെ ടീമിലെ ധോണിയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യത്തിന് ധോണിക്ക് ഇനി ആ ടീമില്‍ പ്രസക്തിയില്ലെന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ മറുപടി. സഞ്ജുവും റുതുരാജും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുന്നോട്ടുനയിക്കാന്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി എട്ടാം നമ്പറിലോ ഒന്‍പതാം നമ്പറിലോ ആണ് ബാറ്റിംഗിന് ഇറങ്ങുന്നത്. ടീമിനെ നയിക്കുന്നതുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ധോണി പ്ലേയിംഗ് ഇലവനില്‍ തുടരുന്നത് ശരിയായ കാരണങ്ങള്‍ക്കൊണ്ടാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി.





