കൊച്ചി:മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ സാറാ ജോസഫ് രംഗത്തെത്തി. വി.ഡി സതീശൻ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ നിലപാടുകളും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാൻഡ് ഇപ്പോൾ കാണിക്കേണ്ടതെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വിജയത്തിളക്കത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ലജ്ജാകരമായ ഈ വടംവലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നുണ്ടെന്നും ഹൈക്കമാൻഡ് ഇക്കാര്യം അടിയന്തരമായി തിരിച്ചറിയണമെന്നും അവർ ആവശ്യപ്പെട്ടു. കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ കഴിയുന്ന വിശാലമായ ഐക്യം രൂപപ്പെടുത്താനാവൂ എന്നും ആ പരീക്ഷണമാണ് കേരളത്തിലെ വോട്ടർമാർ നടത്തിയിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിന്റെ പരാജയം ഒരിക്കലും ശാശ്വതമല്ലെന്നും അവർ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും സാറാ ജോസഫ് ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ രാഷ്ട്രീയ മത്സരം നടക്കുമ്പോഴും ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ ദീർഘവീക്ഷണമുള്ള നേതൃത്വം ആവശ്യമാണ്. എന്നാൽ നിലവിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി പദവിക്കായുള്ള കലഹങ്ങൾ വിജയത്തിന്റെ ശോഭ കെടുത്തുകയാണ് ചെയ്യുന്നത്. ജനമനസറിയാനുള്ള വിവേകവും ദീർഘവീക്ഷണവും നേതൃത്വത്തിന് ഉണ്ടാവണമെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഹൈക്കമാൻഡ് കാണിക്കണമെന്നുമാണ് സാറാ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ സാഹചര്യത്തിൽ സാറാ ജോസഫിന്റെ പ്രതികരണം സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.






