റിയാദ്: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിക്ക് സൗദി അറേബ്യ 20 ലക്ഷം ഡോളർ ധനസഹായം നൽകി. ഏജൻസിയുടെ വാർഷിക ബജറ്റ് വിഹിതത്തിന്റെ ഭാഗമായാണ് സഹായം കൈമാറിയത്. ജോർഡനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി, യു.എൻ.ആർ.ഡബ്ല്യു.എ ആക്ടിങ് കമ്മീഷണർ ജനറൽ ക്രിസ്റ്റ്യൻ സോണ്ടേഴ്സിന് ചെക്ക് കൈമാറി.
ഫലസ്തീൻ അഭയാർഥികൾക്കായി ഏജൻസി നടപ്പാക്കുന്ന മാനുഷിക സേവനങ്ങൾക്കും വികസന പദ്ധതികൾക്കും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹായം നൽകുന്നതെന്ന് അംബാസഡർ വ്യക്തമാക്കി.
ഫലസ്തീൻ ജനതയോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണ് ഈ സഹായമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ കുറയ്ക്കുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ അഭയാർഥികൾക്ക് സൗദി അറേബ്യ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ആക്ടിങ് കമ്മീഷണർ ജനറൽ ക്രിസ്റ്റ്യൻ സോണ്ടേഴ്സ് നന്ദി അറിയിച്ചു. ലോകത്തിലെ പ്രധാന ഫലസ്തീൻ സഹായ രാജ്യങ്ങളിലൊന്നായ സൗദിയുടെ പിന്തുണ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.






