ന്യൂയോർക്ക്: ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് സുരക്ഷയൊരുക്കുന്ന ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ ഫീച്ചർ മെറ്റ ആഗോളതലത്തിൽ പിൻവലിക്കുന്നു. ഇന്ന് മുതൽ ഈ ഫീച്ചർ ഉണ്ടായിരിക്കുന്നതല്ല. അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും മെസേജുകൾ വായിക്കാൻ കഴിയില്ലെന്ന് ഉറപ്പുനൽകുന്ന ഈ സാങ്കേതിക വിദ്യയാണ് പിൻവലിക്കുന്നത്. ഉപഭോക്താക്കളുടെ മെസേജുകൾ കമ്പനിക്ക് വേണമെങ്കിൽ പരിശോധിക്കാൻ സാധിക്കുന്ന ‘സ്റ്റാൻഡേർഡ് എൻക്രിപ്ഷൻ’ രീതിയിലേക്ക് ഇൻസ്റ്റഗ്രാം മാറുകയാണ്.
പുതിയ മാറ്റത്തോടെ ഇൻസ്റ്റഗ്രാം വഴി കൈമാറുന്ന ചിത്രങ്ങൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ പരിശോധിക്കാൻ മെറ്റയ്ക്ക് സാധിക്കും. ജിമെയിൽ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ഈ രീതിയാണ്. അതീവ സുരക്ഷാ സംവിധാനമായ എൻക്രിപ്ഷൻ ഫീച്ചർ പിൻവലിക്കാനുള്ള മെറ്റയുടെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളും വരുന്നുണ്ട്. നിലവിലുള്ള എൻക്രിപ്റ്റഡ് ചാറ്റുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള അവസാന തീയതിയും ഇന്ന് അവസാനിക്കും. 2019ൽ The future is private എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റഗ്രാമിലും കൊണ്ടുവന്നതാണ് എൻക്രിപ്ഷൻ ഫീച്ചർ.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും നിയമവിരുദ്ധമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും എൻക്രിപ്ഷൻ തടസ്സമാകുന്നു എന്ന ശിശുക്ഷേമ സംഘടനകളുടെയും അധികൃതരുടെയും പരാതിയെത്തുടർന്നാണ് ഈ പിന്മാറ്റമെന്നാണ് സൂചന.






