തൃശ്ശൂർ: തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ജില്ലാതല യോഗം സമാപിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് എസ്പി ജി, സി പിജി സംവിധാനങ്ങളുടെ ഭാഗമായി ജില്ലയിലെ 195 വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ജില്ലയിലെ 358 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും ഗ്രൂപ്പുകളുടെ ചുമതലയുള്ള അധ്യാപകരും ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാരും യോഗത്തിൽ പങ്കെടുത്തു.
ചാലക്കുടി, കൊടുങ്ങല്ലൂർ പോലീസ് സബ് ഡിവിഷനുകളിൽ പുതിയ കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചതായും, ഹോളിഡേ ഉൾപ്പെടെ സൗജന്യ കൗൺസലിംഗ് സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത അധ്യാപകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ജില്ലാ പോലീസ് മേധാവി വ്യക്തമായ മറുപടി നൽകി.










